കൊച്ചി: അവൾ ജ്വാല..., അവളിനി ആരോരുമില്ലാത്തവളല്ല, കരുതലും സ്നേഹവും കൊണ്ടു വാരിപ്പുണരാൻ, ചേർത്തു നിർത്താൻ ഇനി അനേകം പേരുണ്ടാകും, അവൾ മിടുക്കിയായി വളരും. അമ്മത്തൊട്ടിലിൽ ലഭിച്ച നവജാതശിശുവിനെ ചികിത്സയ്ക്കു ശേഷം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ജ്വാല എന്നു പേരു നൽകിയ കുഞ്ഞിനെ അംഗീകൃത ശിശു സംരക്ഷണ കേന്ദ്രത്തിന്റെ ചുമതലക്കാരായ സന്യാസിനിമാർ വാത്സല്യത്തോടെ സ്വീകരിച്ചു.
എറണാകുളം ജനറൽ ആശുപത്രി കോമ്പൗണ്ടിലെ അമ്മത്തൊട്ടിലിലാണു ജൂലൈ 17ന് രാത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കു ശേഷം ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്നു ജില്ലാ ശിശുക്ഷേമ സമിതിയും (സിഡബ്ല്യുസി) ജില്ലാ ശിശു സംരക്ഷണ യൂണിറ്റും (ഡിസിപിയു) ചേർന്നാണു സർക്കാരിനായി ഏറ്റെടുത്തത്.
ദിവസങ്ങളോളം തങ്ങളുടെ വാത്സല്യത്തണലിൽ പരിചരിച്ച പിഞ്ചോമനയെ യാത്രയാക്കുമ്പോൾ, ഡോക്ടർമാരും നഴ്സുമാരും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന് സ്നേഹസമ്മാനമായി ഓണക്കോടിയും അണിയിച്ചാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു കൈമാറിയത്.
ശിശുരോഗവിഭാഗം ഡോക്ടറിൽനിന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുവേണ്ടി അംഗം അഡ്വ. ശ്രീലക്ഷ്മി ഏറ്റുവാങ്ങിയ കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രം അധികൃതർക്കു കൈമാറി.